മദ്യപിച്ച് വാഹനമോടിച്ച് പലതരത്തിലുള്ള അപകടങ്ങള്‍ വരുത്തിവയ്ക്കുന്നവരുണ്ട്. കഴിഞ്ഞ ദിവസം വെയില്‍സില്‍ ഇത്തരത്തില്‍ ഒരു സംഭവമുണ്ടായി. മദ്യപിച്ച് അപകടകരമാം വിധം വാഹനം ഓടിച്ച ഒരു ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മോട്ടോര്‍വേയിലൂടെ 16 കിലോമീറ്ററോളമാണ് അയാള്‍ വാഹനം ഓടിച്ചത്, അതും പൊട്ടിയ രണ്ട് ടയറുമായി. പൊലീസ് പിടികൂടിയപ്പോള്‍ കൊവിഡ് കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് 42കാരനായ ലോറി റോസര്‍ പറഞ്ഞത്.
ജൂണ്‍ 26 -ന് രാത്രി ലാങ്കിഫെലാച്ചിലെ ജംഗ്ഷന് 46 -ല്‍ വച്ചായിരുന്നു സംഭവം. സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപിച്ചാണ് ലോറി റോസര്‍ വാഹനമോടിച്ചത്. യാത്രയ്ക്കിടെ മുന്നിലെയും പിന്നിലെയും ടയര്‍ നഷ്ടപ്പെട്ടതും, സ്റ്റീല്‍ ഹബ്ബുകള്‍ തേഞ്ഞുപോയതും ഒന്നും അയാള്‍ അറിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അയാള്‍ വാഹനം ഓടിച്ചു കൊണ്ടിരുന്നു.
ഒരു വശത്തെ രണ്ട് ടയറുകള്‍ ഇല്ലാതെ അയാള്‍ വാഹനം ഓടിക്കുന്നത് കണ്ട് റോഡിലെ മറ്റ് ഡ്രൈവര്‍മാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ്, വാന്‍ കണ്ട് അന്തം വിട്ടു. തുടര്‍ന്ന് അയാളെ തടഞ്ഞ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചു. അയാള്‍ മദ്യപിച്ചിരുന്നു എന്ന് മാത്രമല്ല, നിയമപരമായ പരിധിയുടെ ഇരട്ടിയോളം മദ്യം അകത്ത് ചെന്നിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കോടതിയില്‍ അയാള്‍ മദ്യപിച്ച് വാഹനമോടിച്ചതായി സമ്മതിച്ചിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ചത് മനപൂര്‍വമല്ലെന്നാണ് ഇയാള്‍ പറഞ്ഞത്. വേഗപരിധി കടന്നത് അറിഞ്ഞില്ല. തനിക്ക് ആ സമയം കൊവിഡ് ആയിരുന്നു. ഇത് തന്റെ തീരുമാനം എടുക്കാനുള്ള കഴിവിനെ ബാധിച്ചുവെന്നും അയാള്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്ന് നടത്തിയ കൊവിഡ് ടെസ്റ്റില്‍ അയാള്‍ പോസിറ്റീവ് ആയിരുന്നുവെന്നും അയാളുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ചത് മൂലം അയാള്‍ക്ക് നേരെ ചിന്തിക്കാന്‍ സാധിച്ചിരുന്നിരുന്നില്ലെന്നും കോടതിയില്‍ അയാളുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. ലോറി റോസറെ വാഹനമോടിക്കുന്നതില്‍ നിന്ന് പതിനേഴ് മാസത്തേക്ക് വിലക്കുകയും 300 പൗണ്ട് പിഴ ഈടാക്കുകയും ചെയ്തു.