കൊല്ലം: യുഎസിലെ കലിഫോര്‍ണിയയില്‍ സാന്‍ മറ്റേയോയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയില്‍ കണ്ടെത്തി.
ഫാത്തിമാമാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ.ജി.ഹെന്റിയുടെ മകന് ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമേരിക്കന്‍ സമയം 12ന് രാവിലെ 9.15നാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45ന്) പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വെളിപ്പെടുത്താന്‍ സാന്‍ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
മരിച്ച ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. കഴിഞ്ഞ 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. വാട്ട്സാപ്പ് മെസേജും അയച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല.
ഇതോടെ അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.