യൂട്യൂബര്‍ക്ക് നേരെ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ ആക്രമണം; ആക്രമത്തില്‍ യൂട്യൂബര്‍ക്ക് പരിക്ക്, ക്യാമറയും ഫോണും തല്ലിപ്പൊളിച്ചു

കൊച്ചി: യൂട്യൂബര്‍ക്കെതിരെ ഓട്ടോ തൊഴിലാളികളുടെ ഗുണ്ടാ ആക്രമണം. ആലുവ മെട്രോ സ്റ്റേഷനടുത്ത് വച്ചാണ് യൂട്യൂബര്‍ക്ക് നേരെ ഓട്ടോ തൊഴിലാളികളുടെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്.

ആലുവ മെട്രോ സ്റ്റേഷനടുത്ത് ചോദ്യവുമായെത്തിയ യൂട്യൂബറെ ഓട്ടോ തൊഴിലാളികള്‍ തടഞ്ഞു നിര്‍ത്തി ആള്‍ക്കൂട്ട ആക്രമണം നടത്തുകയായിരുന്നു. യൂട്യൂബര്‍ അവതാരിക പബ്ലിക്ക് ഒപ്പീനിയന്‍ എടുക്കുന്നതിന് ഇടയില്‍ ഓട്ടോ തൊഴിലാളികള്‍ എത്തുകയും ഇവരുടെ ക്യാമറ വാങ്ങി എറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു.

അവതാരികയുടെയും കൂടെ ഉണ്ടായിരുന്ന ആളുടെയും ഫോണ്‍വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നുവെന്നും ആക്രമണത്തിന് ഇരയായവര്‍ പറയുന്നു. അവതാരികയ്ക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്കാണ് ഓട്ടോ തൊഴിലാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

ഇയാളുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷയത്തില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ഓട്ടോ തൊഴിലാളികള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ആക്രമണത്തില്‍ പരിക്കേറ്റ യൂട്യൂബര്‍ പ്രതികരിച്ചു.

അതേസമയം യൂട്യൂബര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ തങ്ങളെയാണ് ആക്രമിച്ചതെന്ന് കാണിച്ച് ഓട്ടോ തൊഴിലാളികളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ദ്വയാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് തടഞ്ഞ് നിര്‍ത്തിയതോടെ വിഷയത്തില്‍ തങ്ങള്‍ ഇടപെടുകയായിരുന്നുവെന്നും ഇതോടെ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കള്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ഓട്ടോ തൊഴിലാളികളുടെ പരാതി.