പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.സി വേണുഗോപാല്‍

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് 11 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീട്ടിലും എന്‍ഐഎ വ്യാപക റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലായി 45പേര്‍ അറസ്റ്റിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. ഇതിന്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ വിവിധയിടങ്ങളില്‍ അക്രമാസക്തമായി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

അതേസമയം, അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ഡല്‍ഹി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇതുവരെ കിട്ടിയ തെളിവുകള്‍ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചേക്കും. അറസ്റ്റിലായവരുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇ.ഡി ഉന്നയിച്ചിരുന്നു.