യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിക്കും ഭാര്യ ഒലേനയ്ക്കുമെതിരെ വിമര്‍ശനം. യുദ്ധത്തിനിടയില്‍ സെലന്‍സ്‌കിയും ഭാര്യയും ഫോട്ടോഷൂട്ട് നടത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. വോഗിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ആനി ലീബോവിറ്റ്സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
ഒലേന ഒറ്റയ്ക്കുള്ള ഫോട്ടോകളും ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളുമാണ് വോഗ് പുറത്തുവിട്ടിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ മുന്‍നിരയില്‍ നിന്ന് പോരാടുമ്പോള്‍ പ്രഥമ വനിതയായ ഒലേന നയതന്ത്രത്തിലും സുപ്രധാന പങ്ക് വഹിച്ചെന്ന് വോഗ് കുറിച്ചു. എന്നാല്‍, യുക്രൈനിലെ സംഘര്‍ഷാവസ്ഥ തുറന്നുകാട്ടാന്‍ ഒലേന ടാങ്കറുകള്‍ക്കും സൈനികര്‍ക്കും മദ്ധ്യേ നിന്നെടുത്ത ചിത്രമടക്കം വന്‍ വിവാദങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.
യുക്രൈന്‍ സൈനികര്‍ മരിച്ചുവീഴുമ്പോള്‍ ഫോട്ടോഷൂട്ട് നടത്താനാണ് സെലന്‍സ്‌കി ചിന്തിക്കുന്നത് എന്നാണ് വിമര്‍ശനം. സ്വന്തം രാജ്യത്ത് റഷ്യ ബോംബിടുമ്പോള്‍ സെലന്‍സ്‌കിയുടെ ഈ പ്രവൃത്തി വിശ്വസിക്കാനാവുന്നില്ലെന്നും ചിലര്‍ പറയുന്നു. ഭാര്യയുമൊത്തുള്ള വോഗ് ഫോട്ടോഷൂട്ട് രാജ്യത്തെ യുദ്ധത്തില്‍ നിന്ന് രക്ഷിക്കുമെന്ന് സെലന്‍സ്‌കി കരുതിയിട്ടുണ്ടാകുമെന്ന പരിഹാസങ്ങളും ഇതിനിടയില്‍ ഉയരുന്നുണ്ട്.