‘പാര്‍ട്ടി ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധം; നടപടി അംഗീകരിക്കാനാകില്ല’; കോഴിക്കോട് മേയറെ തള്ളി സിപിഐഎം

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ തള്ളി സിപിഐഎം. മേയറുടെ നടപടി ശരിയായില്ലെന്നും സിപിഐഎം എക്കാലത്തും ഉയര്‍ത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണെന്നും സിപിഐഎം കോഴിക്കോട് ജില്ലാകമ്മിറ്റി വ്യക്തമാക്കി.

മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. അക്കാരണത്താല്‍ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലാണ് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമര്‍ശവും വിവാദമായി. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നായിരുന്നു ബീന ഫിലിപ്പ് പറഞ്ഞത്. ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞു. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനമെന്നും മേയര്‍ അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായപ്പോള്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ബീന ഫിലിപ്പ് രംഗത്തെത്തി. പരിപാടിയില്‍ വര്‍ഗീയതയെ കുറിച്ചല്ല ശിശുപരിപാലനത്തെകുറിച്ചാണ് പ്രസംഗിച്ചതെന്നും തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നും മേയര്‍ പറഞ്ഞു. പരിപാടിയില്‍ പോകരുതെന്ന് പാര്‍ട്ടി കര്‍ശനമായി പറഞ്ഞില്ലെന്നും മേയര്‍ പ്രതികരിച്ചിരുന്നു.