റഷ്യന്‍ അധിനിവേശം തുടരുമ്പോള്‍ ഉറച്ച വാക്കുകളുമായി യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി. യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണ് സെലന്‍സ്കി ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ചത്. യുക്രൈനെ തോല്‍പ്പിക്കാനാവില്ലെന്നും, തങ്ങള്‍ക്കൊപ്പമാണ് യൂറോപ്പെന്ന് തെളിയിക്കണമെന്നും സെലന്‍സ്കി പ്രസംഗത്തില്‍ പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാര്‍ലമെന്റ് സെലന്‍സ്കിയുടെ പ്രസംഗത്തിന് പിന്തുണ നല്‍കിയത്.
ഗുഡ്മോണിങ്ങെന്നോ ഗുഡ്നൈറ്റെന്നോ പറയാനാവാത്ത വിധം രാത്രികളും പ്രഭാതങ്ങളും തന്റെ ജനതയ്ക്ക് മുന്നില്‍ ദുരന്തം നിറഞ്ഞതായിരിക്കുന്നുവെന്ന് സെലന്‍സ്കി പറഞ്ഞു. സ്വാതന്ത്ര്യ ചത്വരം വരെ റഷ്യ തകര്‍ത്തു. 16 കുഞ്ഞുങ്ങള്‍ മരിച്ചു. ഇവര്‍ ഏത് സൈനിക യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് സെലന്‍സ്കി ചോദിച്ചു.
നിങ്ങളില്ലെങ്കില്‍ ഞങ്ങളൊറ്റയ്ക്കാകാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് സെലന്‍സ്കി യുറോപ്യന്‍ യൂണിയന്റെ പിന്തുണ തേടിയത്. ഇരുട്ടിന് മേല്‍ വെളിച്ചമായി, മരണത്തിന് മേല്‍ ജീവിതമായി പൊരുതി നില്ക്കും, വിജയിക്കും. തോല്ക്കുകയില്ലെന്നാവര്ത്തിച്ചാണ് സെലന്‍സ്കി പ്രസംഗമവസാനിപ്പിച്ചത്.