ഇന്നലെയായിരുന്നു ഗായിക വാണി ജയറാം അന്തരിച്ചത്. വീട്ടില്‍ അബോധ അവസ്ഥയില്‍ കണ്ടെത്തിയ വാണി ജയറാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രിയ ഗായികയുടെ മരണത്തിന്റെ ഞെട്ടലിലാണ് സംഗീത പ്രേമികള്‍.
ഇപ്പോഴിത പ്രിയഗായികയുടെ മരണ കാരണം പുറത്ത് വന്നിരിക്കുകയാണ്. വാണി ജയറാമിന്റെ മരണത്തിലേക്ക് നയിച്ചത് തലയിലേറ്റ മുറിവാണ് എന്നാണ് പോലീസ് പറയുന്നത്.
കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് ഇടയില്‍ വീഴുകയും. വീഴ്ചയില്‍ തല മേശയില്‍ ഇടിക്കുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
മരണത്തില്‍ മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. വാണിയുടെ മരണകാരണം പുറത്ത് വന്നതോടെ വയസ്സായ ആളുകള്‍ ഉള്ള വീട്ടുകാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018-ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം.
രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു.
കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്. അതേസമയം വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.