ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃതമായി നിര്‍മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയം പൊളിച്ചു നീക്കി. 3,700 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം തകര്‍ത്തത്. എറണാകുളം മരടില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച ദക്ഷിണാഫ്രിക്കന്‍ സംഘമാണ് നോയിഡയിലെ ടവറും പൊളിച്ചത്.
560ന് മുകളില്‍ പൊലീസ് ഉദ്യോഗസ്ഥരും എന്‍.ഡി.ആര്.എഫ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. പ്രദേശത്തുനിന്ന് പൂര്‍ണമായും ആളുകളെ ഒഴിപ്പിച്ചുമാറ്റിയതിന് ശേഷമാണ് കെട്ടിടം തകര്‍ത്തത്. പൊളിച്ചു നീക്കിയതില്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇന്ന് തകര്‍ത്തത്.
നോയിഡ സെക്ടര്‍ 93എയിലാണ് നിയമം ലംഘിച്ചു ഇരട്ട ടവറുകള്‍ നിര്‍മിച്ചത്. സെയാന്‍(29 നില), അപെക്സ്(32 നില) എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ആയിരത്തോളം അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. പൊളിക്കലിന്റെ ചെലവ് വഹിക്കേണ്ടത് ടവര്‍ നിര്‍മാതാക്കളായ സൂപ്പര്‍ ടെക് കമ്പനിയാണ്. ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ സുപ്രിംകോടതിയാണ് ഇരട്ട ഫ്ളാറ്റ് സമുച്ചയം പൊളിക്കാന്‍ ഉത്തരവിട്ടത്.