യുക്രൈന് സൈനിക നീക്കത്തിന് പിന്നാലെ റഷ്യയ്ക്ക് തിരിച്ചടിയുമായി മറ്റൊരു ആഗോള ടെക് കമ്പനിയും. പ്രമുഖ വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോക് റഷ്യയില്‍ ലൈവ് സ്ട്രീമിംഗ് നിര്‍ത്തിവച്ചു. പുതിയ കണ്ടെന്റുകള് പോസ്റ്റ് ചെയ്യുന്നതും നിര്‍ത്തിയിട്ടുണ്ട്. റഷ്യയുടെ പുതിയ വ്യാജവാര്‍ത്താ നിയമത്തോടുള്ള പ്രതികരണമായാണ് നടപടിയെന്നാണ് അറിയുന്നത്.
റഷ്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണെന്ന് ടിക്ടോക്കിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം പറഞ്ഞു. സുരക്ഷയ്ക്ക് മുന്‍ഗണന നല്കി പൂര്‍ണമായും സേവനങ്ങള്‍ എപ്പോള്‍ പുനരാരംഭിക്കാനാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ തടയാനുള്ള കമ്പനിയുടെ പ്രത്യേക വിഭാഗത്തില്‍ റഷ്യന്‍, യുക്രൈന് അടക്കം 60ലേറെ ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഞായറാഴ്ച റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. റഷ്യയില്‍ ആരംഭിക്കാനിരിക്കുന്ന ഭാവിപദ്ധതികളെല്ലാം തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് തുടങ്ങിയ ടെക്ക് ഭീമന്മാരും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.