ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ അവരുടെ ഏറ്റവും പുതിയ ബസുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. വോള്‍വോ 9600 പ്ലാറ്റ്ഫോമില്പ്പെട്ടതാണ് ഈ ബസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബസാണിതെന്നാണ് വോള്‍വോയുടെ അവകാശവാദം.
15 മീറ്റര്‍ നീളമുള്ള ഈ ബസില്‍ 55 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. 40 ബെര്‍ത്തുകള്‍ ഉണ്ടാകും. 1.5 മീറ്റര്‍ നീളമുള്ള മറ്റൊരു വേരിയന്റില്‍ 47 പേര്‍ക്ക് സഞ്ചരിക്കാനാകും. ഇതില്‍ 36 സ്ലീപ്പര്‍ ബെര്‍ത്തുകളാണ് ഉണ്ടാകുക. ഓരോ ബെര്‍ത്തിനും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും പ്രത്യേകമായ എസി വെന്റുകളും റീഡിങ് ലൈറ്റുകളുമുണ്ടാകും. 15 മീറ്റര്‍ വേരിയന്റില്‍ കോച്ചിനുള്ളില്‍ സ്റ്റോറേജ് ഷെല്‍ഫുകള്‍ ഉണ്ടാകും.
സുരക്ഷയിലേക്ക് വന്നാല്‍ ഇലക്ട്രോണിക്ക് ബ്രേക്കിങ് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് എയ്ഡ്, ഇഎസ്പി, എബിഎസ് എന്നിവയെല്ലാം വോള്‍വോ 9600 ന്റെ ഭാഗമാണ്. ഓരോ രണ്ട് മീറ്ററിലും പാനിക്ക് ബട്ടണും സ്വയം പ്രകാശിക്കുന്ന എമര്‍ജന്‍സി ലൈറ്റുകളും വാഹനത്തിലുണ്ട്.
വോള്‍വോയുടെ ബംഗളൂരുവിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഈ ബസിന് മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിരവധി പേര്‍ക്ക് സഞ്ചരിക്കാനാവുന്നത് കൊണ്ട് വാഹനം ഓപ്പറേറ്റ് ചെയ്യുന്നത് കൂടുതല്‍ ലാഭകരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1.3 കോടി മുതല്‍ 2 കോടി വരെ വില വരുന്ന വോള്‍വോ 9600 രണ്ടു മാസത്തിനുള്ളില്‍ ഡെലിവറി ആരംഭിക്കും.