ടിക് ടോക് ഫെയിം ഫോട്ടോഗ്രാഫര്‍ സാനിയ ഖാനെ കൊലപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവ് സഞ്ചരിച്ചത് 1100 കിലോമീറ്റര്‍

പാക് വംശജയായ പ്രശസ്ത വനിതാ ഫോട്ടോഗ്രാഫര്‍ സാനിയ ഖാനെ കൊലപ്പെടുത്താന്‍ മുന്‍ ഭര്‍ത്താവ് സഞ്ചരിച്ചത് 1100 കിലോമീറ്റര്‍. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സാനിയയെ കൊലപ്പെടുത്താന്‍ റാഹേല്‍ അഹമ്മദ് ജോര്‍ജിയയില്‍ നിന്ന് ചിക്കാഗോയിലേക്ക് എത്തുകയായിരുന്നു.

തന്റെ വിവാഹ ജീവിതത്തില്‍ നേരിട്ട ദുരിതങ്ങളും വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങളും ടിക് ടോക്കിലൂടെ സാനിയ ഖാന്‍ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റാഹേല്‍ അഹമ്മദ് ജോര്‍ജിയയില്‍ നിന്ന് അമേരിക്കയില്‍ എത്തി സാനിയയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ റാഹേലും സ്വയം വെടിവച്ചു. ജൂലൈ പതിനേഴിനായിരുന്നു സംഭവം നടന്നത്.

അഞ്ച് വര്‍ഷം ഡേറ്റ് ചെയ്ത ശേഷം 2021 ജൂണിലാണ് സാനിയയും റാഹേലും വിവാഹിതരായത്. പിന്നീട് ഇരുവരും ഒരുമിച്ച് ചിക്കാഗോയിലേക്ക് താമസം മാറി. റാഹേലിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് 1100 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ചിക്കാഗോയിലെത്തിയ ഇയാള്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തി സ്വയം മരിച്ചതായി കണ്ടെത്തിയത്.

വിവാഹമോചിതരായ സ്ത്രീകളുടെയും വിവാഹത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെയും ശബ്ദമായിരുന്നു ടിക് ടോകില്‍ സാനിയ. സാനിയയുടെ മരണത്തിന്റെ ഞെട്ടല്‍ അവളുടെ സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.