ഇനി സംവിധാനത്തിലേക്ക്; ഷെയ്ന്‍ നിഗത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു

ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് ഷെയ്ന്‍ നിഗം. പിന്നീട് നായക വേഷം വരെ ഷെയ്ന്‍ ചെയ്തു. ഇതെല്ലാം ഹിറ്റ് ആവുകയും ചെയ്തു. ഇപ്പോള്‍ സംവിധാനം രംഗത്തേക്കും കൂടി കടന്നിരിക്കുകയാണ് താരം. നടന്‍ ഷെയ്ന്‍ നിഗം ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘സംവെയര്‍’ റിലീസിനൊരുങ്ങുന്നു.


താരത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ഹ്രസ്വ ചിത്രം റിലീസ് ചെയ്യുക. ഷെയ്ന്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്‌കൂള്‍കാല സുഹൃത്തുക്കള്‍ക്കൊപ്പം ഷെയ്ന്‍ കൈകോര്‍ക്കുന്ന ചിത്രമാണ് ‘സംവെയര്‍’.


26 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നാല് കഥാപാത്രങ്ങളുണ്ടാവും. മാജിക് റിയലിസം വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘സംവെയര്‍’. സ്‌കൂള്‍ നാളുകള്‍ മുതല്‍ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരില്‍ ഭൂരിപക്ഷവും. കഥ, തിരക്കഥ, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ ഷെയ്ന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയിന്‍ നിഗവും, ഫയാസ് എന്‍.ഡബ്ല്യുവും ചേര്‍ന്നാണ്.


അമൃത ടിവിയുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് കടന്നുവന്ന താരമാണ് ഷെയിന്‍ . പിന്നാലെ താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായി ഷെയിന്‍ അഭിനയജീവിതം തുടങ്ങി. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു.