ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പര്‍ ഹിറ്റ് സംവിധായകന് ജോഷിയും നടന് സുരേഷ് ഗോപിയും ഒന്നിക്കുന്നു. ‘പാപ്പന് ‘ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. രണ്ട് പ്രധാനതാരങ്ങള്‍ തന്നെ സിനിമക്ക് അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുമ്പോള്‍ സിനിമ ഹിറ്റ് ആവും എന്നതില്‍ സംശയം ഇല്ല.
അതേസമയം സുരേഷ് ഗോപിയുടെ 252ത്തെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തെക്കുറിച്ച് സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ആവേശം സഹിക്കുവാന്‍ പറ്റുന്നില്ലെന്നും ജോഷിയെന്ന മഹാ പ്രതിഭയ്ക്കൊപ്പം വീണ്ടും ഒന്നിക്കുവാന്‍ പോവുകയാണെന്നാണ് താരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ചിത്രത്തില്‍ മാത്യു പാപ്പന് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത് നൈല ഉഷയാണ്. നടന് ഗോകുല്‍ സുരേഷ്ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യമായാണ് അച്ഛനും മകനും ഒരേ ചിത്രത്തില്‍ എത്തുന്നത്. ക്രൈംത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ ആര്‍ജെ ഷാന്‍ ആണ്. ചിത്രത്തില്‍ ജേക്കസ് ബിജോയ് സംഗീതം ഒരുക്കുന്നു.
ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് ‘പാപ്പന്’. അതേസമയം 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവര്‍ത്തിച്ചത്.