ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു. ബിബിസി ചെന്നൈ ക്യാമറാമാന് ജെറിന് ആണ് ആക്രമിക്കപ്പെട്ടത്. കൊളംബോയില്‍ വാര്‍ത്താശേഖരണത്തിനിടെയാണ് സംഭവം.
തമിഴ്നാട് തിരുനല്‍വേലി സ്വദേശിയാണ് ജെറിന്. പരുക്കേറ്റ ജെറിന് കൊളംബോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിനുള്ളില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ജെറിന് പറഞ്ഞു. പ്രക്ഷോഭം ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ സൈന്യം ആക്രമിക്കുകയായിരുന്നു. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ജെറിന് പറയുന്നു.
അതേസമയം, ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ദിനേശ് ഗുണവര്‍ധന അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയില്‍ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.