യുക്രൈന് തലസ്ഥാനമായ കീവ് നഗരം കീഴടക്കാനുള്ള റഷ്യന്‍ പദ്ധതി പാളുന്നതായി റിപ്പോര്‍ട്ട്. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യന്‍ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തില്‍ പ്രവേശിക്കാനായിട്ടില്ല.
ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കരുതാതിരുന്നതാണ് പ്രധാന വെല്ലുവിളിയാകുന്നതെന്നാണ് സൂചന. കടന്നു പോകുന്ന പാതയില്‍ പല സൂപ്പര്‍ മാര്‍ക്കറ്റുകളും റഷ്യന്‍ സൈന്യം കൊള്ളയടിച്ചതായും ചില യുക്രൈന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
യാത്രയ്ക്കിടെ പല വിധ തടസങ്ങള്‍ വഴിയില്‍ നേരിട്ടതിനാല്‍ സൈനിക വ്യൂഹം മന്ദഗതിയിലാണ് കീവിലേക്ക് നീങ്ങുന്നത് എന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നു. 64 കിലോമീറ്റര്‍ നീളമുള്ള സൈനിക വ്യൂഹത്തിന് പല മാര്‍ഗ തടസങ്ങള്‍ വഴിയില്‍ നേരിടേണ്ടി വരുന്നുണ്ട് എന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിര്‍ത്തിയിലേക്ക് കീവിലേക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പുറപ്പെട്ട ഈ സൈനിക വ്യൂഹം ഇപ്പോഴും കീവ് നഗരത്തിന് 18 കിലോമീറ്റര്‍ അകലെയാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.