പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ ഖാദിയെ പ്രകീര്‍ത്തിച്ചുള്ള പരാമര്‍ശത്തിലാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ യോജിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
‘രാജ്യത്തിനായി ഖാദി, പക്ഷേ ദേശീയ പതാകയ്ക്കായി പോളിസ്റ്റര്‍! എപ്പോഴത്തേയും പോലെ പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മില്‍ യോജിക്കുന്നില്ല’, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അഹമ്മദാബാദില്‍ നടക്കുന്ന ഖാദി ഉത്സവത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിലേക്കും ആത്മ നിര്‍ഭര്‍ ഭാരത് എന്ന സ്വപ്നത്തിലേക്കുമുള്ള പ്രചോദനമാണ് ഖാദി എന്ന് പറഞ്ഞിരുന്നു. ഒരു കാലത്ത് സ്വാഭിമാനത്തിന്റെ പ്രതീകമായിരുന്ന ഖാദിയും സ്വദേശി ഉത്പന്നങ്ങളും ഇന്ന് വിലകുറഞ്ഞ വസ്തുക്കളായാണ് പരിഗണിക്കപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സബര്‍മതി തീരത്ത് ഖാദി ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്.
2002ലെ ദേശീയ പതാക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2021 ഡിസംബറില്‍ ഭേദഗതി വരുത്തിയിരുന്നു. പോളിസ്റ്റര്‍ നിര്‍മ്മിതവും യന്ത്ര നിര്‍മ്മിതവുമായ പതാകകളുടെ ഉത്പാദനത്തിനും ഇറക്കുമതിക്കും ഭേദഗതിയിലുടെ അനുമതി ലഭിച്ചിരുന്നു.