ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ട വിസ്മയങ്ങളിൽ ഒന്നായിരുന്നു ബാഹുബലി. രാജമൗലി അണിയിച്ചൊരുക്കിയ ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിട്ടാണ് ഇപ്പോൾ കണക്കാക്കപ്പെടുന്നത്. തെലുങ്ക് സിനിമ പ്രേക്ഷകർക്ക് മാത്രം സുപരിചിതനായിരുന്ന പ്രഭാസ് ബാഹുബലിക്ക് ശേഷം ഒരു പാൻ ഇന്ത്യൻ സ്റ്റാറായി വളരുകയായിരുന്നു. ഇപ്പോൾ പ്രഭാസ് ചെയ്യുന്നതെല്ലാം തന്നെ ബ്രഹ്മാണ്ട ചിത്രങ്ങൾ ആണ്. ഇക്കൂട്ടത്തിലേക്ക് ഒരു വലിയ പ്രോജക്ട് കൂടി കടന്നു വരികയാണ് ഇപ്പോൾ.
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രം അണിയിച്ചൊരുക്കിയ പ്രശാന്ത് നീൽ ആണ് പുതിയ പ്രഭാസ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോമബിൾ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇവർ തന്നെയാണ് കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രവും അണിയിച്ചൊരുക്കിയത്. ഒരുതരത്തിൽ പറഞ്ഞാൽ കന്നഡ സിനിമയുടെ തലവിധി മാറ്റിയെഴുതിയത് ഹോമബിൾ ഫിലിംസ് ആണ്. പ്രശാന്ത് നീലും ഹോമബിൾ ഫിലിംസ് സ്ഥാപകനായ വിജയ് കിരാമന്ദൂർ പരിചയപ്പെട്ടതിന് ശേഷമായിരുന്നു കെജിഎഫ് എന്ന ബ്രഹ്മാണ്ട ചിത്രം പിറക്കുന്നത്.
ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഡിസംബർ രണ്ടിന് ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഇന്നേദിവസം മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചും റിലീസ് തീയതിയെക്കുറിച്ചും പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ മൂന്ന് സിനിമകളാണ് ഹോമബിൾ ഫിലിംസ് അണിയിച്ചൊരുക്കുന്നത്. കെജിഎഫ് ചിത്രത്തിൻറെ ചാപ്റ്റർ 2, കന്നടയിലെ സൂപ്പർതാരമായ പുനിത് രാജ് കുമാർ നായകനാകുന്ന യുവരത്ന എന്നീ ചിത്രങ്ങൾക്കു പുറമേ പ്രഭാസ് ചിത്രം കൂടി ഈ വരിയിലേക്ക് എത്തുകയാണ്.