കുഞ്ഞിനെ ആക്രമിച്ച വളര്‍ത്തുനായയെ കുത്തിക്കൊന്ന് അമ്മ. കാലിഫോര്‍ണിയയിലാണ് സംഭവം. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ഒന്നര വയസുകാരി റൂബി സെര്‍വാന്റിസിനെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതരമായി പരുക്കേറ്റു.
കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ അമ്മ ജാമി മൊറേല്‍സ് കാണുന്നത് കാലില്‍ കടിച്ചു പറിക്കുന്ന നായയെയാണ്. ആദ്യം അമ്മ നായയെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ നായ പിടിവിട്ടില്ല. മകളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അമ്മയ്ക്ക് പരുക്കേറ്റു. എത്ര ശ്രമിച്ചിട്ടും പിടിവിടാതെ വന്നതോടയാണ് അമ്മ കറിക്കത്തികൊണ്ട് നായയെ കുത്തിക്കൊന്നത്. ഇതിനിടെ വീട്ടിലെ മറ്റൊരു പിറ്റ്ബുള്ളും വീട്ടുകാരെ ആക്രമിച്ചു.
തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിന്റെ മുത്തശ്ശി മാര്‍ഗരറ്റിന് ലഭിച്ചതാണ് പിറ്റ്ബുള്ളുകളെ. തുടര്‍ന്ന് പരിപാലിച്ച് വളര്‍ത്തുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി.