കര്‍ണാടക സ്കൂള്‍ പാഠപുസ്തകത്തില്‍ സവര്‍ക്കറിനെ മഹത്വല്‍ക്കരിച്ച് ചിത്രീകരിച്ചിരിക്കുന്നത് വിവാദമാകുന്നു. എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് സവര്‍ക്കറിനെ മഹത്വല്ക്കരിച്ചുള്ള ഭാഗം. വിജയമാല രചിച്ച ‘രക്തഗ്രൂപ്പ്’ എന്ന പാഠഭാഗത്തിന് പകരമാണ് കെ കെ ഗാട്ടി രചിച്ച ‘കാലത്തിനോട് ജയിച്ചവന്’ എന്ന ഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദത്തെ തുടര്‍ന്ന് പാഠഭാഗം വിദ്യാഭ്യാസ വകുപ്പ് നീക്കി.
സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ ജയിലില്‍ രചയിതാവ് നടത്തിയ സന്ദര്‍ശനത്തിന്റെ ആദ്യ വ്യക്തിവിവരണമാണ് ഭാഗത്തില്‍ ഉള്ളത്. ചെറിയ ദ്വാരം പോലുമില്ലാത്ത ജയിലറയിലായിരുന്നു സവര്‍ക്കറുടെ ജീവിതം. എന്നാല്‍ ഇവിടേക്ക് സവര്‍ക്കറുടെ മടിയിലിരിക്കാന്‍ ബുള്‍ബുള്‍ പക്ഷിയെത്താറുണ്ടായിരുന്നുവെന്നും അവയുടെ ചിറകിലേറി അദ്ദേഹം മാതൃഭൂമിയെ സ്പര്ശിക്കാറുണ്ടായിരുന്നുവെന്നുമാണ് കവി വിവരിക്കുന്നത്. ഈ പാഠഭാഗമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്.
ഇതിനിടെ കര്‍ണാടകയിലെ തുമഗുരു സര്‍വകലാശാല സവര്‍ക്കറുടെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ വിവാദത്തിന് ഇത് വഴിയൊരുക്കാന്‍ സാധ്യതയേറെയാണ്. സിന്‍ഡിക്കേറ്റ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കിയതായും ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.