ഈ സ്ത്രീ അല്ലാഹുവിൻ്റെ കൽപനകൾക്ക് എതിരെ പ്രവർത്തിച്ചു, അതുകൊണ്ട് അവർ മുസ്ലിം അല്ല – നവീൻ റസാഖിൻ്റെ മാതാവിനെതിരെ ഒരു വിഭാഗം ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിൽ ഒരു ഡാൻസ് വീഡിയോ ആണ് ചർച്ചാവിഷയം. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർഥികൾ ആയിരുന്നു അവരുടെ ഒഴിവു സമയത്ത് ഒരു ഡാൻസ് വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കേവലം 30 സെക്കൻഡ് മാത്രം ഉണ്ടായിരുന്ന ഒരു ഡാൻസ് വീഡിയോ ആയിരുന്നു ഇത്. വൈകാതെ തന്നെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ധാരാളം ആളുകൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഈ വീഡിയോ വിവാദങ്ങളിലേക്ക് കടക്കുകയായിരുന്നു.

അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന വലതുപക്ഷ അനുഭാവി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ആണ് വിവാദങ്ങൾക്ക് കാരണം. നവീൻ, ജാനകി എന്നുമായിരുന്നു ഈ വിദ്യാർത്ഥികളുടെ പേര്. എന്നാൽ യുവാവിൻ്റെ പേര് നവീൻ റസാഖ് ആണ് എന്നും മകൾ സിറിയയിൽ എത്താതിരിക്കാൻ എങ്കിൽ ജാനകിയുടെ മാതാപിതാക്കൾ ശ്രദ്ധിക്കണം എന്നുമായിരുന്നു അഡ്വക്കേറ്റ് കൃഷ്ണരാജ് നൽകിയ മുന്നറിയിപ്പ്. വൈകാതെ തന്നെ ഈ പോസ്റ്റ് വിവാദം ആയി മാറുകയും ചെയ്തു. നിരവധി ആളുകൾ ആയിരുന്നു വിദ്യാർത്ഥികളെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്. അഡ്വക്കേറ്റ് കൃഷ്ണരാജിനെ വിമർശിച്ചുകൊണ്ടും ധാരാളമാളുകൾ രംഗത്തെത്തി. ഡാൻസിന് മതമില്ല എന്നും അതിൽ മതം കണ്ടെത്തിയ അഡ്വക്കേറ്റ് കൃഷ്ണരാജ് ഹീനമായ പ്രവർത്തി ആണ് ചെയ്തത് എന്നുമായിരുന്നു വിലയിരുത്തൽ.

എന്നാൽ ഇപ്പോൾ നവീനിൻ്റെ മാതാവ് ആണ് സമൂഹമാധ്യമങ്ങളിൽ വിമർശനം നേരിടുന്നത്. വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയവർ തന്നെയാണ് ഇപ്പോൾ മാതാവിനെതിരെ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നവീൻ കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. അതിൽ നവീനിൻെറ മാതാവ് തല മറച്ചിട്ടില്ല എന്നതാണ് വിമർശനങ്ങൾക്ക് കാരണം. “വെറുതെയല്ല ചെറുക്കൻ ഇങ്ങനെ ആയിപ്പോയത്. അവനെ പറഞ്ഞിട്ട് കാര്യമില്ല, ആ സ്ത്രീ തലയിൽ തുണി പോലും ഇട്ടിട്ടില്ല. കുടുംബത്തോടെ ഇങ്ങനെയാണെന്ന് തോന്നുന്നു” – ഇതായിരുന്നു ഒരു കമൻറ്. “അറബി നാമം ഉണ്ടെന്നു കരുതി ആരും മുസ്ലിം ആവുന്നില്ല. ഈ സ്ത്രീ അല്ലാഹുവിൻറെ കൽപ്പനകൾ തെറ്റിച്ചു. അതുകൊണ്ട് ഇവർ മുസ്ലിം അല്ല” – ഇതാണ് മറ്റൊരു വ്യക്തിയുടെ കണ്ടെത്തൽ.

എന്തായാലും ചില സംഘടനകളുടെയും വ്യക്തികളുടെയും ഇരട്ടത്താപ്പ് മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. ആദ്യം വിദ്യാർഥികളെ അനുകൂലിച്ച് എത്തിയവർ ഒന്നും തന്നെ ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇവിടെ ഇപ്പോൾ വിജയിച്ചിരിക്കുന്നത് അഡ്വക്കേറ്റ് കൃഷ്ണരാജ് ആണെന്ന് തന്നെ പറയേണ്ടിവരും, കാരണം കേരള സമൂഹം എങ്ങനെയാണ് ചില വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്നത് എന്നും എങ്ങനെയാണ് ചില ആളുകളെ മാത്രം പ്രതിസ്ഥാനത്തു നിർത്താൻ വെമ്പൽ കൊള്ളുന്നത് എന്നുമാണ് അദ്ദേഹം തുറന്നുകാട്ടിയിരിക്കുന്നത്.