ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയുടെ പിന്നില്‍ തോക്ക് ചൂണ്ടി അജ്ഞാതന്‍. ചിക്കാഗോയിലാണ് സംഭവം. മാധ്യമപ്രവര്‍ത്തക ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരാള്‍ പെട്ടെന്ന് പിന്നിലൂടെ വന്ന് ക്യാമറാമാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള ഫോക്സ് 32വിന്റെ റിപ്പോര്‍ട്ടിംഗ് സംഘത്തിന് നേരെയാണ് സംഭവം നടന്നത്.
നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന തോക്ക് ആക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ടര്‍ ജോണി ലൂം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്. ലൂം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വഴിയാത്രക്കാരന് ആദ്യം ഫ്രെയിമിന്റെ ഇടതുവശത്തേക്ക് നടക്കുന്നതും റിപ്പോര്‍ട്ടറുടെ പിന്നിലെത്തിയ ശേഷം തോക്ക് പോലെ തോന്നിക്കുന്ന ഒന്ന് ഉയര്‍ത്തി പിടിക്കുന്നതും കാണാം. കുറച്ച് നിമിഷങ്ങള്‍ അവിടെ തന്നെ നിന്നശേഷം, ക്യാമറയുടെ ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് നീങ്ങിയ അയാള്‍ തെരുവിലൂടെ നടന്നകലുകയായിരുന്നു.
അജ്ഞാതനായ വ്യക്തിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, അത് യഥാര്‍ത്ഥ തോക്ക് ആയിരിക്കില്ല, യുവാവ് പ്രാങ്ക് കാണിച്ചതാവണം എന്നും ചിലര്‍ വിഡിയോ കണ്ട ശേഷം അഭിപ്രായപ്പെടുകയുണ്ടായി.