നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; ഭര്‍ത്താവിന് നാട്ടുകാരുടെ മര്‍ദനം

നടിയില്‍ കുളിക്കുന്നതിനിടെ ചുംബിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെ നാട്ടുകാര്‍ മര്‍ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. സരയൂ നദിയില്‍ കുളിക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഭാര്യയെ ചുംബിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഭര്‍ത്താവിനെ ഭാര്യയില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയും സമീപത്തുണ്ടായിരുന്ന പുരുഷന്മാര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതും കാണാം.

ഇത്തരം അസഭ്യം അയോധ്യയില്‍വച്ചുപൊറുപ്പിക്കില്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് തടയാന്‍ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ മര്‍ദനം തുടരുകയായിരുന്നു. ഒടുവില്‍ ജനക്കൂട്ടം ദമ്പതികളെ നദിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ദമ്പതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പൊലീസ് അറിയിച്ചു. അന്വേഷണം നടത്താനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും കോട്വാലി അയോധ്യ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി അയോധ്യ പൊലീസ് ട്വീറ്റ് ചെയ്തു.