ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിന്‍ഡീസ് താരം കെയ്റന് പൊള്ളാര്‍ഡ് കാഴ്ചവയ്ക്കുന്നത്. പൊള്ളാര്‍ഡിന്റെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് പൊള്ളാര്‍ഡിനെ ഒഴിവാക്കണമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്ഡസിന് എതിരെ തീര്‍ത്തും മോശം പ്രകടനമാണ് പൊള്ളാര്‍ഡ് കാഴ്ചവച്ചത്. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ സീസണിലെ അവസാന മത്സരമാകാം പൊള്ളാര്‍ഡ് കളിച്ചതെന്നായിരുന്നു ആകാശ് ചോപ്ര പറഞ്ഞത്. തിലക് വര്‍ണ്ണ റണ്ണൗട്ടാകുകയായിരുന്നു. എന്നാല്‍ അതിന് മുന്‍പു തന്നെ പൊള്ളാര്‍ഡ് പുറത്തായി. ഇത് കൗതുകകരമായി തോന്നി. ഈ വര്‍ഷം ഇനി നടക്കുന്ന മത്സരങ്ങളില്‍ പൊള്ളാര്‍ഡ് ടീമില്‍ ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ ഒഴിവാക്കിയിരുന്നു. ഫിനിഷറെന്ന നിലയില്‍ പൊള്ളാര്‍ഡിലായിരുന്നു വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍ വേണ്ട രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ പൊള്ളാര്‍ഡിന് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.