ടെല്‍ അവീവ്: ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്ഫിയുടെ പിതാവിന്റെ വീട് ബോംബിട്ട് തകര്‍ത്ത് ഇസ്രയേല്‍. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ടൈംസ് ഓഫ് ഇസ്രയേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ സൂത്രധാരനാണെന്ന് കരുതപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ദെയ്ഫ്. അതേസമയം ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണം തുടരുകയാണ്.
ഇസ്രയേല്‍ സേന ഗാസ മുനമ്പിലെ അല്‍ ഫുഖ്റാന്‍ പ്രദേശത്തുള്ള 200-ലധികം ഹമാസ് കേന്ദ്രങ്ങള്‍ ബുധനാഴ്ച രാവിലെ തകര്‍ത്തു. ഒരു ദിവസം തന്നെ മൂന്ന് വ്യോമാക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രയേല്‍ നടത്തിയത്.
ആക്രമണങ്ങളില്‍ മൊത്തം 450 ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു.
അതേസമയം ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടലില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മുതല്‍ ഇതുവരെ 169 ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
1500 ഹമാസുകാരുടെ മൃതദേഹങ്ങള്‍ ഇസ്രയേലില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.
അതേസമയം ഗാസയില്‍ 900 പേര് കൊല്ലപ്പെട്ടുവെന്നും 4600 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍.