ഐപിഎല്ലിലെ ഏറ്റുവും മികച്ച യുവനായകന്‍; സഞ്ജു സാംസണിനെ പ്രശംസിച്ച് ഇര്‍ഫാന്‍ പത്താന്‍

മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഐപിഎല്ലിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സഞ്ജുവെന്ന് ലഖ്‌നൗവിനെതിരായ മത്സരശേഷം ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തു.

ഈ സീസണിലെ ഏറ്റവും മികച്ച യുവനായകന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. ആദ്യം ബാറ്റ് ചെയ്ത് നേടിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോഴാണ് ഒരു ക്യാപ്റ്റന് നിര്‍ണായക റോളുള്ളത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നതും അതാണെന്ന് പത്താന്‍ പറഞ്ഞു.

ഈ സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ 10 എണ്ണത്തിലും സഞ്ജുവിന് ടോസ് നഷ്ടമായിരുന്നു. ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കുന്നതിനാല്‍ രാജസ്ഥാന് ഭൂരിഭാഗം മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു. എന്നാല്‍ 13 കളികളില്‍ എട്ട് ജയങ്ങളുമായി 16 പോയിന്റാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍.
20ന് പ്ലേ ഓഫ് കാണാതെ പുറത്തായ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് രാജസ്ഥാന്റെ അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.