ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ എംഎല്‍എക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. കൃഷ്ണ കല്യാണി എംഎല്‍എയ്ക്കാണ് ഇ.ഡി നോട്ടിസ് അയച്ചത്. കല്യാണിയുടെ സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊല്‍ക്കത്തയിലെ രണ്ട് ടെലിവിഷന്‍ ചാനലുകളും തമ്മിലുള്ള സംശയകരമായ സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ഇ.ഡി നോട്ടിസ് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
വ്യവസായ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 50 കോടി രൂപ ഇ.ഡി പിടിച്ചെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എക്ക് കൂടി ഇ.ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനാണ് കല്യാണി.
2002ലാണ് കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യോത്പന്ന കമ്പനിയായ കല്യാണി സോള്‍വെക്സ് സ്ഥാപിച്ചത്. 2021ല്‍ ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു. തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു.