മലയാളികള്‍ക്ക് ബസന്തി എന്ന പേര് കേട്ടാല്‍ ആദ്യം മനസില്‍ ഓടിയെത്തുക ഈ പറക്കും തളിക എന്ന ചിത്രമാണ്. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഇന്നും ഹിറ്റാണ്. ദിലീപ്, നിത്യ ദാസ്, ഹരിശ്രീ അശോകന്, കൊച്ചിന് ഹനീഫ എന്നിവരുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രം ശ്രദ്ധിക്കപ്പെടാനും കാരണം.
ഈ പറക്കും തളികയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നിത്യ ദാസ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ആ ഒരു ഒറ്റ ചിത്രത്തിലെ ബസന്തി എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യത വേറെ തന്നെയാണ്. രണ്ട് ഗെറ്റപ്പിലാണ് നിത്യ ചിത്രത്തില്‍ എത്തുന്നത്. ഇതില്‍ ആദ്യത്തെ ഗെറ്റപ്പ് തന്നെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നെല്ലങ്കിലും തമിഴ് സീരിയലുകളില്‍ ഇന്നും സജീവമാണ് താരം.
ഇപ്പോള്‍ ഈ പറക്കും തളിക എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സിനിമയെക്കുറിച്ച് പറഞ്ഞത്.
‘സിനിമയില്‍ നായികയായിട്ട് അഭിനയിക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോയത്. ലൊക്കെഷനില്‍ എത്തിയപ്പോള്‍ ആദ്യം ഇടുന്നത് നാടോടി പെണ്‍കുട്ടിയുടെ മേക്കപ്പ് ആയിരുന്നു. ഇതിന് പിന്നാലെ ഞാന്‍ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ഇട്ട് അവര്‍ പോകുമ്പോള്‍ ഞാന്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് കുറച്ച് തുടച്ചു കളയുമായിരുന്നു” നിത്യ പറയുന്നു.
”പിന്നീട് ചിത്രം കാണാന്‍ പോയപ്പോള്‍ കുറെ പേര് ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും എന്നെ മനസിലായില്ല. ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് എന്നെ മനസിലായത്” നിത്യ ഓര്‍ക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുടുംബവിശേഷവും, മകളുമൊത്തുള്ള ചിത്രമെല്ലാം നടി ഷേയര് ചെയാറുണ്ട്.