നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.
വിചാരണ കോടതി തെളിവ് പരിശോധിക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് ക്രൈംബ്രാഞ്ച് അപ്പീലില്‍ പറയുന്നു. ഹര്‍ജി തള്ളിയത് നിയമവിരുദ്ധമാണെന്നും ക്രൈബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ നിര്‍ദേശിച്ചിരുന്ന പ്രധാന വ്യവസ്ഥ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യരുതെന്നതായിരുന്നു. എന്നാല്‍ വിപിന്‍ ലാല്‍, ദാസന്, സാഗര്‍ വിന്‍സന്റ്, ഡോ ഹൈദരലി, ശരത് ബാബു, ജിന്സന് തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ദിലീപ് സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്ന ആരോപണങ്ങള്‍ക്കപ്പുറം ക്യത്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചതായുള്ള ചില ശബ്ദസന്ദേശങ്ങള്‍ ഇതിന് തെളിവായി പ്രോസിക്യൂഷന് കോടതിയില്‍ ഹാജരിക്കിയെങ്കിലും അതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു.