അറ്റ്ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപുകള്‍ക്ക് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. പോര്‍ഷെ, ലംബോര്‍ഗിനി, ഔഡി അടക്കം അയ്യായിരത്തോളം വാഹനങ്ങളുമായി പോവുകയായിരുന്ന ഫെലിസിറ്റി എയ്സ് എന്ന വലിയ പനാമ ചരക്ക് കപ്പലിനാണ് തീപിടിച്ചത്.
കപ്പലിലെ 22 ജീവനക്കാരെ പോര്‍ച്ചുഗീസ് നാവികസേനയും വ്യോമസേനയും വിജയകരമായി ഒഴിപ്പിച്ച് പ്രാദേശിക ഹോട്ടലിലേക്ക് മാറ്റി. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപുകള്‍ക്ക് സമീപത്തുവച്ചാണ് തീപിടുത്തമുണ്ടായത്. കപ്പലില്‍ 3,965 ഫോക്സ്വാഗണ് എജി വാഹനങ്ങളുണ്ടെന്നാണ് ഫോക്സ്വാഗണ് യു.എസ് വെളിപ്പെടുത്തി. ഇതില്‍ പോര്‍ഷെയുടെ 1100 കാറുകളാണ് ഉണ്ടായിരുന്നത്. ഇതോടെ വാഹനം ബുക്ക് ചെയ്തവര്‍ക്ക് ലഭിക്കാന്‍ വൈകുമെന്ന് വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഉപഭോക്താക്കളെ അവരുടെ ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ ബന്ധപ്പെടുന്നുണ്ടെന്ന് പോര്‍ഷെയുടെ വക്താവ് ലൂക്ക് വാന്‍ഡെസാന്‍ഡെ പറഞ്ഞു.
ഇതാദ്യമായല്ല ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. 2019ല്‍ ഗ്രാന്‍ഡെ അമേരിക്ക എന്ന ചരക്കുകപ്പല്‍ തീപിടിച്ച് മുങ്ങിയപ്പോള്‍ ഔഡിയും പോര്‍ഷെയും ഉള്‍പ്പെടെ രണ്ടായിരത്തിലധികം ആഡംബര കാറുകള്‍ നശിച്ചിരുന്നു.