ഇന്ത്യൻ വായുസേനയുടെ സ്ഥാപക ദിനം ആണ് ഇന്ന്. 88 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഇന്ത്യയുടെ അഭിമാനമായ ഇന്ത്യൻ വായുസേന നിലവിൽ വന്നത്. എല്ലാവർഷവും ഒക്ടോബർ 8 ആഘോഷിക്കപ്പെടുന്നത് ഇന്ത്യൻ വായുസേന ദിനമായിട്ടാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വലിയ ആഘോഷങ്ങളാണ് ഈ ദിവസം നടക്കാറുള്ളത്.
എന്നാൽ ഇന്ത്യൻ വായുസേന കുറിച്ച് നമ്മൾ പൊതുവേ അറിയാത്ത കുറച്ച് വസ്തുതകൾ വെളിപ്പെടുത്തുകയാണ് ഇവിടെ. ലോകത്തിലെ ഏറ്റവും വലിയ വായു സേനകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ആണ് ഇന്ത്യൻ എയർഫോഴ്സ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് തൊട്ടുപുറകിൽ ആണ് ഇന്ത്യ നിലകൊള്ളുന്നത്.
നീല നിറത്തിൽ ആണ് ഇന്ത്യൻ വായുസേനയുടെ പതാക. നാല് ഭാഗങ്ങളായിട്ടാണ് പതാക ഉള്ളത്. ഇതിൽ ആദ്യത്തെ ഭാഗത്തിൽ ഇന്ത്യൻ പതാക തന്നെയാണ് നില കൊള്ളുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ നീലനിറവും അതിൽ ഇന്ത്യൻ പതാകയുടെ നിറങ്ങൾ ഉൾക്കൊള്ളുന്ന വൃത്തങ്ങളും ആണ് ഉള്ളത്.
“നഭ സ്പർശം ദീപ്തം” എന്നതാണ് ഇവരുടെ മോട്ടോ. ഭഗവത് ഗീതയിൽ നിന്നും ആണ് ഇത് കടം കൊണ്ടത്. ഭഗവത് ഗീതയിലെ പതിനൊന്നാം അധ്യായത്തിൽ ആണ് ഇത് പറയുന്നത്. ഭഗവാൻ കൃഷ്ണൻ നൽകുന്ന സാരോപദേശങ്ങളിൽ ഒന്നാണ് ഇത്.
2004 സെപ്റ്റംബർ മാസത്തിലാണ് ഇന്ത്യൻ വായുസേനയുടെ സ്പെഷ്യൽ വിങ് ആയ ഗരുഡ് കമാൻഡോ ഫോഴ്സ് നിലവിൽ വരുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഉള്ള എയർഫോഴ്സ് സ്റ്റേഷൻ ആണ് ഇന്ത്യൻ വായുസേനയുടെ ഏറ്റവും വലിയ സ്റ്റേഷൻ.