കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് നിന്നും അടൂര്‍ ഗോപാലകൃഷ്ണന് രാജിവെച്ചു. ഡയറക്ടര്‍ ശങ്കര്‍മോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വെച്ചത്. ഇന്ന് മാധ്യമങ്ങളെ കണ്ടാണ് രാജിവെച്ച കാര്യം അടൂര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
കള്ളം കള്ളത്തെ പ്രസവിച്ചുവെന്നും മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടി ആക്കി പേപ്പട്ടിയെ തല്ലിക്കൊന്നുവെന്നും അടൂര്‍ ആരോപിച്ചു. കെ ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്നത് അന്വേഷിക്കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് രാജിവെച്ച ശങ്കര്‍ മോഹന്‍ പിന്തുണ പ്രഖ്യാപിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ രാജി. ശങ്കര്‍ മോഹന്‍ മികച്ച പ്രൊഫഷണലാണ്. അദ്ദേഹത്തോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവര്‍ത്തന പരിചയമോയുള്ള വ്യക്തി ഇന്ത്യയിലില്ല. അദ്ദേഹത്തെ ക്ഷണിച്ചു വരുത്തി അപമാനിച്ച് പടികടത്തി വിടുകയാണ് ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന്‍ നേരെയുണ്ടായത്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണ്.