രണ്ടര വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ദയാവധം സ്വീകരിച്ച് വിക്ടര്‍ എസ്കോബാര്‍. മാരകരോഗം ബാധിക്കാത്തവര്‍ക്കും ദയാവധം അനുവദിച്ച ശേഷം കൊളംബിയയില്‍ നടപ്പിലാക്കിയ ആദ്യ മരണമാണ് എസ്കോബാറിന്റേത്.
മരണത്തിന് തൊട്ടുമുന്‍പ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് അയച്ച വിഡിയോയില്‍ ഇങ്ങനെ പറഞ്ഞു, ‘ഇത് എല്ലാവരുടേയും ഊഴമായി ക്രമേണ മാറുമെന്നതിനാല്‍ ഗുഡ് ബൈ പറയുന്നില്ല. നമുക്ക് വൈകാതെ കാണാം. നാമെല്ലാം പതിയെ ദൈവത്തിനൊപ്പം ചേരും’. തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ മരണം അഭിഭാഷകന് ട്വിറ്ററിലൂടെ അറിയിച്ചു.
പ്രമേഹവും ഹൃദയസംബന്ധമായ രോഗവും കാരണം എസ്കോബാറിന്റെ ജീവിതം വീല്‍ചെയറിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ദയാവധം ആവശ്യപ്പെട്ട് അദ്ദേഹം നല്കിയ അപേക്ഷ പാനല്‍ തള്ളി. മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്കു മാത്രമേ ദയാവധം നല്‍കൂ എന്നതിനാലാണ് അപേക്ഷ തള്ളിയത്. തുടര്‍ന്ന് അദ്ദേഹം മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കി. 2021 ജൂലൈയില്‍ ഹൈക്കോടതി എസ്കോബാറിന് അനുകൂല വിധി പുറപ്പെടുവിച്ചു. മരണ തീയതി എസ്കോബാര്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ജനുവരി ഏഴിന് അദ്ദേഹത്തിന്റെ ദയാവധം നടപ്പിലാക്കി. മയക്കിയ ശേഷം മരുന്ന് കുത്തിവച്ചാണ് അദ്ദേഹത്തിന്റെ ദയാവധം നടപ്പിലാക്കിയത്.