പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീതജ്ഞന് ഇളയരാജ. ഭരണഘടനാ ശില്പി ബി. ആര് അംബേദ്കറോടാണ് മോദിയെ ഇളയരാജ സാമ്യപ്പെടുത്തിയത്. ഇത് വിവാദമായതോടെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി ഇളയരാജ പറഞ്ഞു.
സിനിമയില്‍ നല്കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ലെന്നും തന്റെ മനസില്‍ എന്തു തന്നെയായാലും സത്യം പറയാന്‍ മടിക്കില്ലെന്നും ഇളയരാജ പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. പക്ഷേ തന്റെ അഭിപ്രായം ഇതാണ്. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് പറയില്ല. പരാമര്‍ശങ്ങളെ രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇളയരാജ പറഞ്ഞു.
ബ്ലൂ ഗ്രാഫ് ഡിജിറ്റല്‍ ഫൗണ്ടേഷന് പ്രസിദ്ധീകരിച്ച അംബേദ്കര്‍ ആന്‍ഡ് മോദി എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജ വിവാദ വാക്കുകള്‍ കുറിച്ചത്. അംബേദ്കറും മോദിയും സമൂഹത്തിലെ അശക്തരായ വിഭാഗത്തിലെ ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരെ പൊരുതിയെന്നും ഇരുവരും ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചവരാണെന്നുമെല്ലാമായിരുന്നു ഇളയരാജയുടെ പരാമര്‍ശം. ചിന്തയില്‍ മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്ന പ്രായോഗിക മനുഷ്യര്‍ കൂടിയാണ് ഇരുവരുമെന്നും ഇളയരാജ പറഞ്ഞിരുന്നു.