ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണ് പതിമൂന്ന് പേര് മരിച്ചു. കുശിനഗറിലാണ് സംഭവം. രണ്ട് പേര് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.
വിവാഹ വീട്ടിലെ ഹല്‍ദി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്. ചടങ്ങുകള്‍ കാണാനെത്തിയവര്‍ ഇരുന്ന സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു കുട്ടിയും സ്ത്രീകളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കിണറ്റില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.