ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കാറില്‍വച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിയായ ലുബ്ന മന്‍സൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ പ്രതിയെ രണ്ട് മണിക്കൂറിനുള്ളില്‍ ഷാര്‍ജ പൊലീസ് പിടികൂടി.
ലുബ്ന താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് കൊലപാതകം നടന്നത്. കാറില്‍വച്ച് ലുബ്നയ്ക്ക് നിരവധി തവണ കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ മൃതദേഹവുമായി ഇതേ കാറില്‍ രക്ഷപ്പെട്ടു. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലുബ്നയുടെ കാര്‍ കണ്ടെത്തി. കാറില്‍ മൃതദേഹമുണ്ടായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയ ബീച്ചില്‍ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്‍ജിനീയര്‍ ബിരുദധാരിയായിരുന്നു ലുബ്ന. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ ലുബ്ന തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.