പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്ന മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി യുഎഇ. കുഞ്ഞുങ്ങളെ അടച്ചിട്ട് പോകുന്നവര്‍ക്ക് തടവും പതിനായിരം ദിര്‍ഹം വരെ പിഴയുമാണ് യുഎഇ നിയമപ്രകാരം ശിക്ഷ. ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെയാണ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ യുഎഇ ഒരുങ്ങുന്നത്.
ചില കേസുകളില്‍ ഇത്തരം കുറ്റങ്ങള്‍ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന പ്രവൃത്തിയായി കണ്ട് തടവും 10,000 ദിര്‍ഹം വരെ പിഴയും ഈടാക്കാവുന്ന കുറ്റമായി കണക്കാക്കുമെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റ് ഗലധാരി അസോസിയേറ്റിലെ മുതിര്‍ന്ന അഭിഭാഷകന് യൂസഫ് ഖലാഫ് പറഞ്ഞു. അശ്രദ്ധമായി കുഞ്ഞുങ്ങളെ വാഹനത്തില്‍ ഉപേക്ഷിക്കുന്നത് വാദീമാ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 36 പ്രകാരം തടവും 5,000 ദിര്‍ഹംവരെ പിഴയും ഈടാക്കാവുന്ന കുറ്റമാണെന്ന് ഗലധാരി അസോസിയേറ്റിലെ അഭിഭാഷകനായ അബ്ദുള്‍ അല്‍മജീദ് അല്‍ സ്വേദി ചൂണ്ടിക്കാട്ടി.
കുഞ്ഞുങ്ങളെ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഉപേക്ഷിച്ച് ജീവന് അപകടത്തിലാക്കുന്ന രക്ഷിതാക്കള്‍ വിചാരണ നേരിടണമെന്ന് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അബുദാബി പൊലീസ് പറഞ്ഞു. പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കുടുങ്ങിയ മുപ്പത്തിയാറോളം കുഞ്ഞുങ്ങളെയാണ് ഈ വര്‍ഷം രക്ഷിച്ചെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.