എസ്.എസ്.സി അഴിമതി കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് നെഞ്ചുവേദന. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നെഞ്ചുവേദനിക്കുന്നുവെന്ന് പാര്‍ഥ ചാറ്റര്‍ജി ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ഥ ചാറ്റര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ രണ്ട് അനുയായികളെയും അറസ്റ്റ് ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന നടത്തിയും കൂടുതല്‍ ആളുകളെ ചോദ്യംചെയ്തുമാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.
അനധികൃത അധ്യാപക നിയമന അഴിമതിയില്‍ മുഖ്യമന്ത്രിക്ക് പോലും പങ്കുണ്ട് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പാര്‍ഥ ചാറ്റര്‍ജി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് ഇന്നലെ ബി.ജെ.പി ആരോപിച്ചിരുന്നു. ബംഗാളിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലവും കത്തിച്ചു. എന്നാല്‍ പാര്‍ഥ ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേരാന്‍ വിസമ്മതിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് എതിരെ കള്ളക്കേസ് എടുത്തത് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദം.