ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം. റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. റിസോര്‍ട്ടിന്റെ ഒരുഭാഗം ഇന്നലെ തിരക്കിട്ട് ബുള്‍ഡോസര്‍ കൊണ്ടുതകര്‍ത്തത് തെളിവ് നശിപ്പിക്കാനാണെന്നാണ് പരാതി. കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാവാതെ പ്രതിഷേധിക്കുകയാണ് ബന്ധുക്കള്‍.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്തും റിസോര്‍ട്ട് പൊളിച്ചു നീക്കിയതിനെ വിമര്‍ശിച്ചു. ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് റിസോര്‍ട്ട് ധൃതിപിടിച്ച് പൊളിച്ചതെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണം മന്ദഗതിയില്‍ പോകാന്‍ കാരണം പ്രതിയുടെ ബി.ജെ.പി ബന്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
ലക്ഷ്മണ്‍ ജുലയ്ക്ക് സമീപമുള്ള വനാന്തര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കാണാതായി 6 ദിവസത്തിന് ശേഷമാണ് മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചത്. റിസോര്‍ട്ടില്‍വച്ചാണ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും ആ തെളിവുകള്‍ ഇല്ലാതാക്കാനാണ് റിസോര്‍ട്ടിന്റെ ഒരുഭാഗം പൊളിച്ചു കളഞ്ഞതെന്നും കുടുംബം ആരോപിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കുടുംബം ആവശ്യപ്പെട്ടു.