രാജ്യംവിടാനുള്ള യു.എസ് ഉപദേശം തള്ളി യുക്രൈന് പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്കി. രാജ്യംവിടാന്‍ സഹായിക്കാമെന്ന യു.എസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. ഇപ്പോള്‍ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലന്‍സ്കി പ്രതികരിച്ചു.
കഴിഞ്ഞ ദിവസം താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് സെലന്‍സ്കി വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. താനടക്കം ഭരണത്തലവന്മാര് ആരും കീവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുക്രൈന് പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലന്‍സ്കി വിഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലന്‍സ്കി പറഞ്ഞു. ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സെലന്‍സ്കി നിഷേധിച്ചു. വിഡിയോയില്‍ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.