മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചു. ഐടി ആക്ട് 2000 പ്രകാരമാണ് അക്കൗണ്ട് താത്ക്കാലികമായി തടഞ്ഞുവച്ചത്. റാണ അയ്യൂബ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ട്വിറ്ററില്‍ നിന്ന് ലഭിച്ച നോട്ടിസും റാണ പങ്കുവച്ചു.
ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്കു കീഴിലെ ട്വിറ്ററിന്റെ നിയമങ്ങള്‍ പാലിക്കുന്നതിനായി ഐ.ടി ആക്ട് 2000 പ്രകാരം അക്കൗണ്ട് മരവിപ്പിക്കുന്നു എന്നാണ് ട്വിറ്റര്‍ അറിയിച്ചത്. ഈ ഉള്ളടക്കം മറ്റെവിടെയെങ്കിലും ലഭ്യമാകും എന്നും ട്വിറ്റര്‍ അറിയിച്ചിരുന്നു. റാണയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തി.
റാണ അയ്യൂബിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി ഭീകരമാണെന്നും അടുത്തത് ആരാണെന്ന് നോക്കിയാല്‍ മതിയെന്നും ടെന്നിസ് താരം മാര്‍ട്ടിന നവരതിലോവ പ്രതികരിച്ചു. തനിക്കും സമാനമായി ഇമെയില്‍ ലഭിച്ചതായി പ്രസാര്‍ ഭാരതി മുന്‍ സി.ഇ.ഒ ശശി ശേഖര്‍ വെമ്പട്ടിയും ട്വിറ്ററില്‍ കുറിച്ചു.