ഇക്കഴിഞ്ഞ ദിവസമാണ് പോപ്പുലർ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാർ പൂട്ടിട്ടത്. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്നും യുവാക്കളെ അപകടകരമായ തരത്തിൽ സ്വാധീനിക്കാൻ കഴിവുള്ള ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.
ആപ്പ് പുതിയതായി ഡൗൺലോഡ് ചെയ്യുന്നതിന് മാത്രമായിരുന്നു വിലക്ക്. നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ ഏത് കടുത്ത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മിടുക്കരായ ഇന്ത്യാക്കാർ വെറുതെയിരുന്നില്ല. ടിക് ടോക് വിലക്കിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടത് ടിക് ടോക് ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നായിരുന്നു.. കൂടാതെ ‘ഡൗൺലോഡ് ടിക് ടോക്’, ‘ഡൗൺലോഡ് ടിക് ടോക് ആപ്പ്’ എന്നിവയും സെർച്ചിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.