കമന്ററിക്കിടെ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്കെതിരെ മോശം പരാമര്‍ശം; സുനില്‍ ഗവാസ്‌കര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടത്തില്‍ റോയല്‍സ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. കമന്ററിക്കിടെയായിരുന്നു സുനില്‍ ഗവാസ്‌കര്‍ മോശം പരാമര്‍ശം നടത്തിയത്.

ഇന്നലെ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടമായി പതറിയപ്പോഴായിരുന്നു ഹെറ്റ്‌മെയര്‍ ക്രീസിലെത്തിയത്. ഐപിഎല്ലിനിടെ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ടീം ക്യാംപ് വിട്ട് ഗയാനയിലേക്ക് പോയ ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത്. ഹെറ്റ്‌മെയര്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഹെറ്റ്‌മെയറുടെ ഭാര്യ ഡെലിവര്‍ ചെയ്തു, ഇനി ഹെറ്റ്‌മെയര്‍ റോയല്‍സിനുവേണ്ടി ഡെലിവര്‍ ചെയ്യുമോ എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം.

ഗവാസ്‌കറുടെ കമന്ററിക്കെതിരെ നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ പലപ്പോഴും റിഷഭ് പന്തിനെയും കെ എല്‍ രാഹുലിനെയുമെല്ലാം പുകഴ്ത്തുന്നതും ആരാധകരുടെ അതൃപ്തിക്ക് കാരണമായിരുന്നു.