പഠന വൈകല്യവും ഓട്ടിസവും മറച്ചുവച്ച് സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ക്ക് ബീജം നല്കി പതിനഞ്ച് കുട്ടികളുടെ പിതാവായി യുവാവ്. സമൂഹ മാധ്യമ പേജ് വഴി വിവരം കൈമാറിയാണ് 37 കാരനായ ജെയിംസ് മാക്ഡോഗുല് യുവതികള്‍ക്ക് ബീജം നല്‍കിയത്. ഇയാളുടെ ആരോഗ്യ പ്രശ്നം മൂലം ക്ലിനിക്ക് വഴി ബീജം നല്കാന് ഇയാള്‍ക്ക് സാധിക്കാത്തതിനാലാണ് ഈ വഴി സ്വീകരിച്ചത്.
ഐക്യൂ കുറവിനും വളര്‍ച്ച കുറവിനും കാരണമാകുന്ന ഫ്രാഗില് എക്സ് സിന്‍ഡ്രോം ബാധിതനാണ് ജെയിംസ് മാക്ഡോഗുല്. ഇയാളുടെ ചെയ്തികള്‍ ഡെര്‍ബി ക്രൗണ്‍ കോടതി വ്യവഹാരം വഴിയാണ് പുറത്തുവന്നത്. ഇയാള്‍ ബീജം നല്കിയ നാലു കുട്ടികളുമായി പിതൃബന്ധം പുലര്‍ത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ബീജം നല്കുന്ന സമയത്ത് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കില്ലെന്ന് ഇയാള്‍ കരാര്‍ വഴി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അതിന് വിരുദ്ധ നിലപാട് പിന്നീട് സ്വീകരിക്കുകയായിരുന്നു.
ഓട്ടിസവും പഠനവൈകല്യവുമുള്ള ഇയാള്‍ കുഞ്ഞുണ്ടാകണമെന്ന അതിയായ ആഗ്രഹം മുതലെടുക്കുകയായിരുന്നുവെന്ന് ജഡ്ജി ജസ്റ്റിസ് ലെയിവെന് പറഞ്ഞു. ബീജം സ്വീകരിക്കുന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇയാളുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ അനുവദിക്കുകയായിരുന്നു. സാധാരണ കുടുംബ കോടതിയില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ലെന്നും എന്നാല്‍ ഈ കേസില്‍ വിവരം പുറത്തുവിടേണ്ടതുണ്ടെന്നും ജഡ്ജി അറിയിച്ചു.