ലൈംഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കന്‍ ഗായകന് റോബര്‍ട്ട് കെല്ലിക്ക് 30 വര്‍ഷം തടവുശിക്ഷ. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. കെല്ലിക്ക് എതിരെ ചുമത്തിയ ഒമ്പത് കേസുകളിലും അദ്ദേഹം കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങള്‍ നല്കി ലൈംഗികമായി ദുരുപയോഗം ചെയ്തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങിയവയാണ് കെല്ലിക്ക് എതിരെയുള്ള കുറ്റങ്ങള്‍. കെല്ലിയുടെ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൊഴികള്‍ വിശദമായി കേട്ട ശേഷമാണ് ജഡ്ജി ആര് ഡോണലി ശിക്ഷ വിധിച്ചത്.
കെല്ലിക്ക് എതിരെ മുമ്പ് ലൈംഗിക, പീഡന പരാതികള്‍ ഉയര്‍ന്നെങ്കിലും കോടതിയില്‍ എത്തിയിരുന്നില്ല. ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്ത് ‘സര്‍വൈവിംഗ് ആര് കെല്ലി’ എന്ന ഡോക്യുമെന്ററിയിലൂടെ ഗായകനെതിരെ വെളിപ്പെടുത്തലുകള്‍ വന്നതോടെയാണ് പൊലീസ് കേസെടുത്തത്. മുന്‍ ഭാര്യ അടക്കം കെല്ലിക്ക് എതിരെ രംഗത്തുവന്നിരുന്നു.