ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ ശേഷം ബീച്ചില്‍ ഉല്ലസിക്കുന്ന കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. മേയ് 28 ന് മൂസെവാലയെ കൊലപ്പെടുത്തിയ ശേഷം മുദ്ര ബീച്ചില്‍ ഉല്ലസിക്കുന്ന പ്രതികളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്ത്യ ടുഡെയാണ് ഇത് സംബന്ധിച്ച വാര്‍ത്തയും ചിത്രങ്ങളും പുറത്തുവിട്ടത്.
മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍വച്ചായിരുന്നു മൂസെവാല കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രതികള്‍ മുദ്ര ബീച്ചിലേക്ക് പോയത്. കൊലയാളികളായ അങ്കിത്, ദീപക് മുണ്ടി, സച്ചിന്, പ്രിയവ്രത ഫൗജി, കപില്‍ പണ്ഡിറ്റ്, കശിഷ് ഏലിയാസ് കുല്‍ദീപ് എന്നിവര്‍ ബീച്ചില്‍ നില്ക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്.
കൊലപാതകത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി പൊലീസ് ഡല്‍ഹി, ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ഇവര്‍ ഗുജറാത്തിലെ ബീച്ചില്‍ ആഘോഷത്തിലായിരുന്നു. കപില്‍ പണ്ഡിറ്റ്, സച്ചിന് എന്നിവരാണ് ഇവരെ പഞ്ചാബില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാഫിയാ തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.