ബംഗളൂരു സ്ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കെതിരെ പുതിയ തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിച്ച സുപ്രിംകോടതി, വിചാരണ കോടതി അന്തിമ വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്തു.
പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സുപ്രിംകോടതില് വ്യക്തമാക്കിയത്.
തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തില്‍ ഹാജരാക്കേണ്ടതായിരുന്നു എന്നും മദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും അഭിഭാഷകന് പറഞ്ഞു. തുടര്‍ന്ന് ഈ തെളിവകുള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി അറിയിച്ചത്. മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കും സുപ്രിംകോടതി നോട്ടിസയച്ചു.