പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ് തുറന്ന് സച്ചിന് ദേവ് എംഎല്‍എയും തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും. പ്രണയ വിവാഹമാണെങ്കിലും വീട്ടുകാരും പാര്‍ട്ടിയും അറിഞ്ഞുകൊണ്ടാണ് വിവാഹ തീരുമാനം എടുത്തത് എന്നും സച്ചിനും ആര്യയും പറയുന്നു. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചത്. പാര്‍ട്ടി അനുമതിയെന്നത് മാധ്യമ വ്യാഖ്യാനമാണെന്നും അവര്‍ പറഞ്ഞു.
പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ വീട്ടില്‍ സംസാരിക്കാമെന്ന് സച്ചിന് ദേവാണ് പറഞ്ഞതെന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ആദ്യം ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിന് വീട്ടില്‍ വരുകയും ചെയ്തുവെന്നും ആര്യ പറഞ്ഞു. ഇക്കാര്യമെല്ലാം നടന്നത് ആര്യ തിരുവനന്തപുരം മേയര്‍ ആവുന്നതിന് മുമ്പാണെന്നും സച്ചിന് വ്യക്തമാക്കുന്നു. വിവാഹം കഴിക്കാനുള്ള താത്പര്യത്തെ കുറിച്ച് ആര്യയുടെ വീട്ടുകാരെ അറിയിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കിയെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ നിര്‍ബന്ധിക്കരുതെന്ന് ആര്യ രാജേന്ദ്രന് പറഞ്ഞു. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന് പറയുന്നു.