തമിഴ്നാട്ടില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച 15കാരി മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.മുരുകന് എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങത്താണ് സംഭവം.
പെണ്‍കുട്ടിയെ ദിവസവും സ്കൂളില്‍ കൊണ്ടുപോയി വിട്ടുകൊണ്ടിരുന്നത് മുരുകനായിരുന്നു. ഇതിനിടയില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പതിനഞ്ചുകാരി ഗര്‍ഭിണിയാകുകയും ചെയ്തു. തുടര്‍ന്ന് മുരുകന് തന്റെ സുഹൃത്ത് പ്രഭുവിന്റെ സഹായത്തോടെ മറ്റൊരാളില്‍ നിന്ന് ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക വാങ്ങി.
സ്കൂളില്‍ കൊണ്ടുപോകാനെന്ന വ്യാജേന പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും വഴിയില്‍ വച്ച് ഗര്‍ഭച്ഛിദ്ര ഗുളിക കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. മുരുകന് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവണ്ണാമല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മുരുകനെയും പ്രഭുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നല്കിയ വ്യാജനെയും പൊലീസ് തിരയുന്നുണ്ട്.