നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹാക്കര്‍ സായി ശങ്കറുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഐമാക്, ഐഫോണ്‍ ഐപാഡ് എന്നിവ തിരിച്ചുനല്‍കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. 5,00,000 രൂപ ബോണ്ടും രണ്ട് ആള് ജാമ്യത്തിലും ആണ് ഉപകരണങ്ങള്‍ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
സായി ശങ്കറിന്റെ സാധന സാമഗ്രികളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നുമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സായി ശങ്കര്‍ അന്വേഷണസംഘത്തോടെ സമ്മതിച്ചിരുന്നു.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്കി. ഒന്നര മാസം കൂടിയാണ് ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. ജസ്റ്റിസ് കൗസര്‍ എടപഗത്താണ് ഹര്‍ജി പരിഗണിച്ചത്.